നിന്‍റെ വഴിയിലൂടെ ഇത്തിരി നേരമെങ്കിലും മണ്ണിലൂടെ നടന്ന്,പൊരുളറിഞ്ഞ്, പാകമായെങ്കില്‍...

19.3.11

നമുക്കിടയിൽ

ഒരു കത്തില്‍
എഴുതാവുന്നതെല്ലാം,
നമുക്കിടയിലുണ്ട്;
ഒരു വാക്കിനും
വഹിക്കാനാവാത്തതും.
''ഒരു കണ്ണും
കാണാത്തത്.
ഒരു കാതും
കേള്‍ക്കാത്തത്.
ഒരു നാവും
രുചിക്കാത്തത്''

ദൈവം പറയുന്നതെല്ലാം
ഇത്ര എളുപ്പത്തില്‍
നമുക്ക് മനസ്സിലാകുന്നതെങ്ങനെ?

കൂടിക്കാഴ്ച്ച

പിണഞ്ഞു നിന്നിരുന്ന
രണ്ടിലകളെയും 
കാറ്റടിച്ചെടുത്തിരുന്നു.
എന്നാല്‍
ആയുസ്സിന്‍റെ അവസാന താളില്‍
രണ്ടെണ്ണവും
പറന്നു കളിക്കുന്നുണ്ട്.

ഊത്ത്

ദൈവം,
മൌനത്തിലൂതി
പക്ഷികള്‍!
ഹൃദയത്തിലൂതി,
തേനീച്ചകള്‍!
വാക്കിലൂതി,
മനുഷ്യന്‍!

പ്രവചനം

ഒരു പൂവും,
ബാക്കിയാവാത്ത സന്ധ്യയില്‍
വസന്തം
പര്‍ദ്ദയിട്ട്
എനിക്ക് മുകളിലൂടെ പറന്നു പോകും.

പ്രാര്‍ത്ഥന

പൂക്കാത്ത വസന്തവും
കാറ്റു പാടാത്ത ചില്ലകളും
ഇരുട്ടില്‍
ഇടം വലം പിരിഞ്ഞ്,
എണ്ണമില്ലാത്ത ഭ്രാന്തന്‍ ബിംബങ്ങളും

ദൈവമേ,
ഒരൊറ്റ വാക്കു പോലും
പിറന്നു വീഴുന്നില്ലല്ലോ.

പ്രപഞ്ചം

കടലു കേഴുന്നുണ്ടി-
പ്പോഴും പുഴയുടെ
കവിത പൂക്കുന്ന
കവിളില്‍ മുത്തുവാന്‍.

വിത്ത്, പൂവ് എന്നിങ്ങനെ...

വിത്തില്‍ നിന്നും
പൂവിലേക്ക്
പറക്കുന്നതിനിടയില്‍
മണ്ണ്,
ആകാശം,
വെയില്‍,
മഴ.

മഞ്ഞയിലയിലെ
പച്ച ഞരമ്പില്‍
മരണത്തിന്‍റെ മുത്തം.

എല്ലാം ഒടുങ്ങുമ്പോഴും
പിന്നെയുമുണ്ട്,
ജീവിതം.

സീത

എന്‍റെ പത്ത് തലകളിലും
നീ
ചന്ദ്രികയായി തെളിയുന്നു.
ഇരുപത് കൈകളിലും
വീണയായി പാടുന്നു. 

വളരെ ചെറിയ കാഴ്ച

ആണ്ടു തോറും
നീ വന്ന്
പാടാറുണ്ട്,
എന്‍റെ ചില്ലകളില്‍.

വള്ളിയില്‍ കുടുങ്ങുന്നത്
വഴിയില്‍ തങ്ങുന്നത്,
വിടര്‍ന്ന് തീരാത്തത്
പഴുത്ത് നില്‍ക്കുന്നത്...

എന്നെ,
എന്തെല്ലാം പാഠങ്ങള്‍
ഇനിയും നീ
പഠിപ്പിക്കേണ്ടതുണ്ട്.

പൂരിപ്പിക്കേണ്ട ഭാഗങ്ങളില്‍
ഞാന്‍
എന്തെഴുതിച്ചേര്‍ക്കും?
തന്നവയില്‍ നിന്നും
ഏത് ശരി
ഞാന്‍ തെരഞ്ഞെടുക്കും?
ചേരുംപടി ചേര്‍ക്കാന്‍
മഷി ബാക്കിയുണ്ടാവുമോ?
മടങ്ങി വരാമെന്ന് പറഞ്ഞ്
മടിയില്‍ വിശ്രമിച്ച
ഇളംകാറ്റിപ്പോള്‍
എവിടെപ്പോയി?

16.3.11

സൂചി


മറുപടി പ്രതീക്ഷിക്കാത്ത
ഒരായിരം കത്തുകള്‍
ഇനിയുമെഴുതണമെന്ന്
അവള്‍
ഒറ്റ നോട്ടത്തിലൂടെ
കൊത്തിവെച്ചു
പറന്നു കളഞ്ഞു.

പരീക്ഷ

ഒറ്റ വാക്കിലെഴുതേണ്ടത്
ഉപന്യാസമായും
ഉപന്യാസം
ഒറ്റവാക്കായും
പുറം തിരിഞ്ഞു നടന്ന
ചോദ്യക്കടലാസില്‍
ഇടത്തും വലത്തും
മാര്‍ജിനുകളിട്ട്
ഞാന്‍ സുഖമായുറങ്ങി.


ഒന്നും എഴുതിച്ചേര്‍ക്കാന്‍ ഉണ്ട്ടായിരുന്നില്ല,
മുറി നിറയെ
ഉത്തരങ്ങളായതിനാല്‍.

15.3.11

ഗാന്ധി



ഞാന്‍
ഗാന്ധിയെ കണ്ടിട്ടില്ല.
ഒരു വടി
കണ്ണട
ചിരി.
വടിയിലൂടെ കയറി
കണ്ണടയില്‍ പിടിച്ചു
കണ്ണിലൂടെ
അയാള്‍
ചരിത്രത്തിലേക്ക് നടന്നു പോയി.
ഇപ്പോള്‍ പറയുന്നത്;
പോര്‍ബന്ദര്‍ എന്‍റെ ജന്മസ്ഥലമല്ലെന്ന്.
എന്നെ നിങ്ങള്‍
മറ്റെവിടെയെങ്കിലും ജനിപ്പിക്കണമെന്ന്.
ഏതായാലും
ഗുജറാത്തില്‍ ഞാനില്ല.

അതിരുകളില്ലാതെ


ദൈവത്തിന്
പൂവിനോടും ഇളങ്കാറ്റിനോടും
തോന്നുന്നതായിരുന്നു,
എനിക്കവളോട്.
തിരമാലകളായും
കൊടുങ്കാറ്റായും
ഇടി നാദമായും
മിന്നല്‍ പിണറായും
ആടിതിമിര്ത്ത്
അട്ടഹസിച്ച്
കത്തിപ്പടര്‍ന്ന്
അവസാനം

കളം


എങ്ങോ പെയ്യുമൊരു
മഴയുടെ കുളിരോ
എവിടെയോ വീഴുമൊരു
ചന്ദ്രികച്ചാര്‍ത്തോ
എന്നെത്തഴുകുമൊരു
കാറ്റിന്ടെ വിരലോ

ആവില്ല
നിന്റെ കണ്ണുകളില്‍;
എന്‍റെ ശില്പരീതികള്‍ പരീക്ഷിക്കാന്‍.

8.6.09

കമല


കത്തുന്ന ചില്ലകളില്‍ നിന്നും
വാക്കുകള്‍ പറിച്ചെടുത്ത്
പ്രേമപൂര്‍വ്വം തന്നവള്‍ നീ

നിന്‍റെ ഹൃദയ താളത്തില്‍
ഒരിളം കാറ്റ്
മുല്ലയെ ചുംബിക്കുമ്പോള്‍
മുറിവുണങ്ങാത്ത
ഒരായിരം ഹൃദയങ്ങള്‍ക്ക്‌
സ്വപ്നം കാണാനെങ്കിലും
ആരോ ചിറകുകള്‍ നല്കുന്നുണ്ടാവണം.

വെയില്‍
ശരീരത്തെ വേവിക്കുമ്പോഴും
മഴ
ആത്മാവിനെ തണുപ്പിക്കുമ്പോഴും
നീ
പ്രണയം മാത്രം ശ്വസിച്ചു.

വാതിലുകള്‍ അടച്ചു
മഴ കേട്ടവളല്ല നീ
മുറ്റത്തിറങ്ങി മഴയില്‍ കുളിച്ചു
ദൈവം ഭൂമിയില്‍ ഇറങ്ങി വരണമെന്ന്
വാശി പിടിച്ചവള്‍ ആയിരുന്നു

നിന്നോടെന്തായിരിക്കും
ഇപ്പോള്‍
ദൈവം
പറയുന്നുണ്ടാവുക?

18.5.09

സ്വന്തം

ഞാന്‍
നീയെന്നു പറയുമ്പോഴേക്കും
നീ
പല രീതിയില്‍
എന്‍റെ മുന്നില്‍ വന്നു നില്‍ക്കുന്നുണ്ട്‌ .
നിനക്കറിയാം
ഞാനാരെന്ന്
എന്നിട്ടും
എനിക്കാവുന്നില്ല ;
നിന്നെയറിയാന്‍,
നിന്നെ തൊടാന്‍,
നിനക്കെന്തെകിലും തരാന്‍..
ദൈവമെ
"എന്‍റെ ,എന്‍റെ ", എന്ന് മാത്രം പറഞ്ഞു
ഞാന്‍
അവസാനിച്ചു പോകുമോ...

ഒഴിവ്

ഉറങ്ങാതെയാണ്
നേരം വെളുത്തതെങ്കിലും
ഉറക്കമുണര്‍ന്ന പോലെ
എഴുന്നേറ്റിരുന്നു

പകല്‍
ഇത്ര ധൃതിയില്‍
വിയര്‍ത്തൊലിച്ച്
ഓടിക്കൊണ്ടിരിക്കുന്നത്
രാത്രിയുടെ
കയ്യൊപ്പ് വാങ്ങാനാണോ?
എല്ലാ ദിവസങ്ങളും
ഞായരാഴ്ച്ചയാകുന്നതാണോ
ഒഴിവുകാലം?

ആരും
ആരെയും ഭരിക്കാതിരിക്കുന്നത്
ഉറങ്ങുമ്പോഴാണ്.

സ്വപ്നത്തെരുവകളില്‍
മേഞ്ഞു നടക്കുമ്പോള്‍
എല്ലാവരും
രാജാക്കന്‍മാര്‍ തന്നെ .
ജാലകം